
ദോഹ: പ്രശസ്തമായ ഖത്തർ എക്‌സോൺ മൊബീൽ ഓപ്പൺ ടെന്നീസ് ടൂർണമെന്റിന്റെ ഔദ്യോഗിക പോസ്റ്റർ ഡിസൈൻ മത്സരത്തിന്റെ രണ്ടാം പതിപ്പിലേക്ക് അപേക്ഷകൾ ക്ഷണിച്ച് 'ലിവാൻ ഡിസൈൻ സ്റ്റുഡിയോസ് ആൻഡ് ലാബ്സും' ഖത്തർ ടെന്നീസ് ഫെഡറേഷനും (QTF). അടുത്ത വർഷം ഫെബ്രുവരിയിൽ നടക്കുന്ന പുരുഷ വിഭാഗം ടൂർണമെന്റിന്റെ ഔദ്യോഗിക പോസ്റ്റർ രൂപകൽപ്പന ചെയ്യാനാണ് അവസരം.
ഖത്തറിലെ ഡിസൈനർമാർ, ആർട്ടിസ്റ്റുകൾ, ഇല്ലസ്ട്രേറ്റർമാർ, ഫോട്ടോഗ്രാഫർമാർ, ഡിജിറ്റൽ ക്രിയേറ്റീവുകൾ തുടങ്ങി കലാരംഗത്തുള്ള എല്ലാവർക്കും മത്സരത്തിൽ പങ്കെടുക്കാം. ഖത്തർ മ്യൂസിയംസിന്റെ കീഴിൽ പ്രവർത്തിക്കുന്ന ലിവാനും ഖത്തർ ടെന്നീസ് ഫെഡറേഷനും ചേർന്ന് രാജ്യത്തെ സർഗ്ഗധനരായ കലാകാരന്മാരെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് ഈ മത്സരം സംഘടിപ്പിക്കുന്നത്.
തിരഞ്ഞെടുക്കപ്പെടുന്ന വിജയിക്ക് 15,000 ഖത്തറി റിയാൽ പണസമ്മാനവും ലിവാൻ ഡിസൈൻ സ്റ്റുഡിയോസിൽ ഒരു വർഷത്തെ സ സൗജന്യ അംഗത്വവും ലഭിക്കും.
അപേക്ഷകൾ സമർപ്പിക്കാനുള്ള അവസാന തീയതി ഓഗസ്റ്റ് 10വരെയാണ്.
ഖത്തർ എക്‌സോൺ മൊബീൽ ഓപ്പണിന്റെ കായിക ആവേശവും പാരമ്പര്യവും അന്താരാഷ്ട്ര മാനവും ഉൾക്കൊള്ളുന്നതിനൊപ്പം ഖത്തറിന്റെ സംസ്‌കാരവും പ്രതിഫലിപ്പിക്കുന്ന തനിമയുള്ള ഡിസൈനുകളായിരിക്കണം സമർപ്പിക്കേണ്ടത്.
തിരഞ്ഞെടുക്കപ്പെടുന്ന പോസ്റ്റർ ടൂർണമെന്റിന്റെ പ്രൊമോഷണൽ മെറ്റീരിയലുകളിലും ഡിജിറ്റൽ-പ്രിന്റ് മാധ്യമങ്ങളിലും വേദികളിലും ഔദ്യോഗിക ചിത്രമായി ഉപയോഗിക്കും. ഡിസൈൻ, സ്പോർട്സ്, ആർട്ട് മേഖലയിലെ വിദഗ്ധരടങ്ങുന്ന ജൂറിയാണ് മികച്ച പോസ്റ്റർ തിരഞ്ഞെടുക്കുക. ലോകോത്തര താരം പങ്കെടുക്കുന്ന എടിപി 500 (ATP 500) കാറ്റഗറിയിലുള്ള മുൻനിര ടെന്നീസ് ടൂർണമെന്റാണ് ഖത്തർ എക്‌സോൺ മൊബീൽ ഓപ്പൺ.











